കല്‍പ്പറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കായിരിക്കും പ്രിയങ്കയുടെ സന്ദര്‍ശനം. തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ ജയിച്ചുകയറിയത്.
ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തുക. ഉച്ചയ്ക്ക് 12 ന് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് വയനാട് ജില്ലയില്‍ സന്ദര്‍ശനം നടത്തും.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക ഇതാദ്യമായാണ് എംപിയാകുന്നത്. കേരള സാരിയണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. റായ്ബറേലി എംപിയായ സഹോദരന്‍ രാഹുല്‍ ഗാന്ധി, രാജ്യസഭാ പാര്‍ലമെന്റ് അംഗമായ അമ്മ സോണിയ ഗാന്ധി എന്നിവരോടൊപ്പമാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്. തന്റെ വിജയത്തിന് ശേഷം, പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു.