കോട്ടയം: റബര്‍ കര്‍ഷകരോടുള്ള കേന്ദ്ര അവഗണന അസാനിപ്പിക്കുക, റബിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് വ്യത്യസ്തമായി.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ചീഫ് വിപ്പ് എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എംഎല്‍എ, മുന്‍ എം. പി. തോമസ് ചാഴികടാന്‍ എന്നിവരാണ് കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി തനി നാടന്‍ കര്‍ഷകരായി കഷകരോടൊപ്പം സമരത്തിനിറങ്ങിയത്.
കലക്ടറേറ്റിന് മുന്‍പില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകരും കര്‍ഷക വേഷമായ ലുങ്കിയും തോര്‍ത്തും ധരിച്ച് കൊണ്ടാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക ഉപകരണങ്ങളായ റബര്‍ കത്തി, കൂട, ബഡ് തൈകള്‍, വെട്ടി മാറ്റിയ റബര്‍ മരങ്ങള്‍ എന്നിവയുമായി നൂറുകണക്കിനു കേരളാ കോൺഗ്രസ് പ്രവർത്തകരെ ഇറക്കിയായിരുന്നു സമരം. റബര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്‍പില്‍ റബര്‍ ഷീറ്റ് കത്തിച്ച് നടത്തിയ പ്രതിഷേധം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.