വത്തിക്കാൻ സിറ്റി : വിശുദ്ധ ബലിക്കിടയിലെ പ്രസംഗം പത്ത് മിനിറ്റിൽ കൂടരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. പ്രാസംഗകർ പ്രസംഗത്തിലൂടെ അവനവനെയല്ല മറിച്ച് കർത്താവിനെ പ്രഘോഷിക്കണമെന്നും പാപ്പ പറഞ്ഞു.
“സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ. എൻറെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത ആത്മാവിൻറെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിൻറെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകതെ ദൈവശക്തിയാകാനായിരുന്നു അത്.” വിശുദ്ധ പൗലോസ് സ്ലീഹാ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനമാണ് പാപ്പ വിചിന്തനത്തിനായി ഉപയോഗിച്ചത്.
ഈ ഭാഗത്ത് ക്രിസ്തീയ പ്രഘോഷണത്തിൻറെ ഘടനാപരമായ രണ്ട് ഘടകങ്ങൾ കാണാൻ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. അതിൻറെ ഉള്ളടക്കമായ സുവിശേഷവും മാർഗമായ പരിശുദ്ധാത്മാവുമാണ് അത്. അപ്പോസ്തലന്മാരെ "പരിശുദ്ധാത്മാവിലൂടെ സുവിശേഷം അറിയിച്ചവർ" എന്നാണ് പാപ്പ വിശേഷിപ്പിച്ചത്.
"സുവിശേഷം" എന്ന വാക്കിന് രണ്ട് അർത്ഥമുണ്ടെന്ന് പാപ്പ ഓർമപ്പെടുത്തി. നാല് കാനോനിക സുവിശേഷങ്ങളിൽ (മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ) ഏതെങ്കിലുമൊരു സുവിശേഷം സൂചിപ്പിക്കുമ്പോൾ ഈ വാക്കിൻ്റെ അർത്ഥം "യേശു തൻ്റെ ഭൗമിക ജീവിതത്തിൽ പ്രഘോഷിച്ച സുവിശേഷം" എന്നാണ്.
ആദ്യത്തെ ഈസ്റ്ററിന് ശേഷം "സുവിശേഷം" എന്ന വാക്കിന് പുതിയ അർത്ഥം കൈവന്നു. "യേശുവിനെക്കുറിച്ചുള്ള സുവാർത്ത അതായത് അതായത്, ക്രിസ്തുവിൻറെ മരണത്തിൻറെയും പുനരുത്ഥാനത്തിൻറെയുമായ പെസഹാ രഹസ്യം. ഇതിനെയാണ് അപ്പോസ്തൊലൻ "ഞാൻ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കുന്നില്ല, എന്തെന്നാൽ വിശ്വസിക്കുന്ന ഏവർക്കും അത് രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിൻറെ ശക്തിയാണ്" എന്നെഴുതുമ്പോൾ “സുവിശേഷം” എന്ന് വിളിച്ചതെന്ന് പാപ്പ പറഞ്ഞു.
സുവിശേഷം പ്രസംഗിക്കപ്പെടേണ്ടത് പരിശുദ്ധാത്മാവിലൂടെയായിരിക്കണമെന്ന് മാർപാപ്പ ഓർമപ്പെടുത്തി. പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തോടെ പ്രസംഗിക്കുകയെന്നാൽ ആശയങ്ങളും ഉപദേശങ്ങളും ജീവിതവും അഗാധമായ ബോധ്യവും സംപ്രേഷണം ചെയ്യുകയെന്നാണ് അർത്ഥമാക്കുന്നത്.
ഒരു ആശയം പത്ത് മിനിറ്റിനുള്ളിൽ കൈമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസംഗകരോട് അഭ്യർത്ഥിച്ചു. എട്ട് മിനിറ്റിന് ശേഷം പ്രസംഗം ദുർബ്ബലമായിത്തീരുന്നു. ആർക്കും മനസ്സിലാകില്ല. ഒരിക്കലും 10 മിനിറ്റിൽ കൂടുതൽ പോകാതെ നോക്കണമെന്നത് വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. പ്രാസംഗികൻറെ പ്രസംഗത്തിലുണ്ടാകേണ്ടത് ഒരു ആശയമാണ് സ്നേഹമാണ്, പ്രവർത്തിക്കാനുള്ള ക്ഷണമാണ്.
പ്രാസംഗകർ തങ്ങളുടെ പ്രസംഗത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ പരിശുദ്ധാത്മാവിൻ്റെ കൃപയ്ക്കായി പ്രാർത്ഥിക്കണം. നമ്മെയല്ലെ കർത്താവിനെയാണ് പ്രഘോഷിക്കേണ്ടത്. ഇതിനെക്കുറിച്ച് അധികം പറയേണ്ട ആവശ്യമില്ല. കാരണം സുവിശേഷവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാൾക്കും അവനവനെക്കുറിച്ച് പ്രസംഗിക്കാതിരിക്കുക എന്നതിൻറെ അർത്ഥമെന്താണെന്ന് അറിയാമെന്നും പാപ്പ കൂട്ടിച്ചേർത്തു.