കുവൈറ്റ് സിറ്റി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈറ്റിലെത്തി. പശ്ചിമേഷ്യൻ മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനും സുരക്ഷയും സമാധാനവും പുനസ്ഥാപിക്കുന്നതിനും ഇന്ത്യയും കുവൈറ്റും താത്പര്യം പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള മാർഗരേഖ തയ്യാറാക്കാനുള്ള അവസരമാണിതെന്നും രാജ്യത്തെ ഉന്നതനേതൃത്വവുമായി കൂടിക്കാഴ്ചകൾ നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
”കുവൈറ്റുമായി ചരിത്രപരമായുള്ള ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുണ്ട്. ഊർജ്ജ - വ്യാപാര മേഖലകളിൽ ശക്തരായ പങ്കാളികളാണെന്നതിലുപരി പശ്ചിമേഷ്യയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാനും ഇരുകൂട്ടരും യോജിച്ച് പ്രവർത്തിക്കുന്നു. കുവൈറ്റ് അമീറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഭാവിപങ്കാളിത്തത്തിനുള്ള കൃത്യമായ മാർഗരേഖ തയ്യാറാക്കാനുള്ള അവസരം കൂടിയാണിത്.”
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കുവൈറ്റിലുള്ള ഇന്ത്യക്കാരെ കാണാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച കുവൈറ്റ് അമീറിന് നന്ദി അറിയിക്കുകയാണെന്നും” പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർളിക്കുന്നത്. ഇന്നും നാളെയുമായുള്ള സന്ദർശനത്തിൽ വാണിജ്യ-പ്രതിരോധ മേഖലകളിലെ സഹകരണം ഉൾപ്പെടെ ചർച്ചയാകും