ദോഹ: കുവൈറ്റിനും യുഎഇക്കും പിന്നാലെ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാര്‍ക്ക് മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച് ഖത്തര്‍. ഇന്ന് ഫെബ്രുവരി ഒന്‍പത് മുതല്‍ മൂന്ന് മാസത്തേക്കാണ് ശിക്ഷാ നടപടികള്‍ ഇല്ലാതെ നിയമവിരുദ്ധ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്.
വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, രാജ്യത്ത് നിന്ന് പുറത്തുകടക്കല്‍, രാജ്യത്തെ താമസം എന്നിവയുമായി ബന്ധപ്പെട്ട 2015ലെ 21-ാം നമ്പര്‍ നിയമം ലംഘിച്ച് ഖത്തറില്‍ കഴിയുന്നവര്‍ക്കാണ് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കുകയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മെയ് ഒൻപത് വരെയായിരിക്കും പൊതുമാപ്പ് കാലാവധി. മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയോ തടവോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമാണ് പൊതു മാപ്പ് പ്രവാസികള്‍ക്ക് നല്‍കുന്നത്. റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ എന്‍ട്രി വിസയില്‍ വന്ന ശേഷം രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവര്‍ക്ക് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്താം.