വാഷിങ്ടൺ ഡിസി : മധ്യ അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും പൊടിക്കാറ്റിലും കനത്ത നാശനഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞ് മൂടി കിടക്കുന്ന പ്രതീതി ആയിരുന്നു പൊടിക്കാറ്റ് കൊണ്ട് വന്നത്.
ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ മരിച്ചു. മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ യുഎസിൽ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. മിസ്സോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സംസ്ഥാനങ്ങൾ.
ശനിയാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി ദുരന്ത നിവാരണ ഫണ്ടായി 2,50,000 ഡോളര്‍ അനുവദിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.