കൊപ്പേല്‍: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയ്ക്ക് അനുഗ്രഹ മുഹൂര്‍ത്തം സമ്മാനിച്ച് ഇരുപത്തിരണ്ട് ബാലന്മാര്‍ അള്‍ത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ഇതാദ്യമായാണ് ഒരു ഇടവകയില്‍ ഇത്രയും കുട്ടികള്‍ ഒന്നിച്ചു അള്‍ത്താര ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്.
മാര്‍ച്ച് 14 ന് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവര്‍ ശുശ്രൂഷാ ബാലന്മാരെ ആശീര്‍വദിച്ച് കൊത്തീനയും തിരുവസ്ത്രവും നല്‍കി.
വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് പ്രതിഷ്ഠിതമായിരിക്കുന്ന രീതിയില്‍ തിരുവസ്ത്രങ്ങള്‍ അണിഞ്ഞാണ് 22 ബാലന്മാരും തങ്ങളുടെ ആദ്യ അള്‍ത്താര സേവനത്തിന് തുടക്കം കുറിച്ചത്.
ചിക്കാഗോ രൂപതയില്‍ ദൈവവിളി ധാരാളമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊണ് ഇടവക വൈദികരുടെ നേതൃത്വത്തില്‍ അള്‍ത്താര സേവനത്തിനായി കുട്ടികളെ ഒരുക്കിയത്. ജോര്‍ജ് ജോസഫ്, ലിയോണ്‍ തോമസ് എന്നിവരും കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍നേതൃത്വംനല്‍കി.