കൊച്ചി: ആലുവ-മൂന്നാര്‍ പഴയ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ കാല്‍നടയാത്ര സമരത്തില്‍ പങ്കെടുത്ത മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍.
ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിച്ചേരുന്ന ആലുവ-മൂന്നാര്‍ റോഡ് (പഴയ രാജപാത) പൊതു മരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിര്‍മിച്ചതും അക്കാലം മുതല്‍ വാഹന ഗതാഗതം നടന്നിരുന്നതുമായ പ്രസ്തുത പാതയുടെ പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള ഭാഗം വനം വകുപ്പ് അന്യായമായി കയ്യേറി അടച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ റോഡില്‍ ബാരിക്കേഡ് നിര്‍മിച്ച് വാഹന ഗതാഗതം തടയുകയും പൊതുജനത്തിന് പ്രവേശനം നിഷേധിക്കുകയും ചെയ്തിരിക്കുന്നു.
പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറഞ്ഞ പാതയാണ്. മാങ്കുളം, ആനക്കുളം പ്രദേശത്ത് നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന റോഡാണിത്. രാജപാത തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഞായറാഴ്ച ജനകീയ യാത്രയില്‍ പങ്കെടുത്തത്. അവരോടൊപ്പം ചേര്‍ന്ന് കാല്‍നടയാത്ര ചെയ്ത മാര്‍ പുന്നക്കോട്ടിലിനെതിരെയും വനം വകുപ്പ് കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്. ജനപ്രതിനിധികളായ ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍.എ എന്നിവരെയുള്‍പ്പടെ പ്രതി പട്ടികയിലുണ്ട്.
പൊതുജനങ്ങളോടുള്ള വെല്ലുവിളി എന്ന രീതിയിലുള്ള വനം വകുപ്പിന്റെ നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വ്യക്തമാക്കി.
1927 -ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് നിലവില്‍ വരുന്നതിന് ദശാബ്ദങ്ങള്‍ മുന്‍പേ നിര്‍മിച്ച രാജ പാതയാണ് വനം വകുപ്പ് അന്യായമായി കയ്യേറിയിരിക്കുന്നത്. പൊതു മരാമത്ത് രേഖകളും രാജഭരണകാലത്തെ രേഖകളും പ്രകാരം റോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുകയും പഴയ പാലങ്ങളും അതിരുകളും ഉള്ളതുമായ വഴിയിലൂടെ നടന്നതിന് കേസ് എടുത്തിരിക്കുന്ന വനം വകുപ്പിന്റെ നടപടി മൗലികാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സമരത്തില്‍ പങ്കെടുത്ത ഒരാള്‍ പോലും വനത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ല. പൊതു മരാമത്ത് റോഡിലൂടെ നടക്കുക മാത്രമാണ് ചെയ്തത്. ഇല്ലാത്ത അധികാരം സ്ഥാപിച്ചും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനങ്ങളില്‍ സീറോമലബാര്‍സഭ കടുത്ത പ്രതിഷേധം അറിയിക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ച മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയെടുത്ത കേസ് സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കണമെന്നും രാജപാത പൂര്‍ണമായും സഞ്ചാരയോഗ്യമാക്കി ജനങ്ങള്‍ക്ക് ഗതാഗതത്തിന് തുറന്ന് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.