പുനപരിശോധനാ ഹര്‍ജി തള്ളി; എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കിയ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

പുനപരിശോധനാ ഹര്‍ജി തള്ളി; എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കിയ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നല്‍കിയ ഉത്തരവില്‍ പുനപരിശോധന ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കളമശേരി മെഡിക്കല്‍ കോളജിന് വൈദ്യ പഠനത്തിന് മൃതദേഹം വിട്ടു നല്‍കിയ നടപടി ശരിവച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

2024 സെപ്റ്റംബര്‍ 21 ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹത്തെ ചൊല്ലിയുള്ള നിയമ യുദ്ധത്തിലാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്.

തന്നെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ലോറന്‍സ് പറയുന്നതായ വീഡിയോ ദൃശ്യം നേരത്തെ സമര്‍പ്പിക്കാന്‍ സാധിച്ചില്ല എന്ന് കാട്ടിയാണ് ആശ ലോറന്‍സും സഹോദരി സുജാത ബോബനും പുനപരിശോധന ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരുടെ വാദവും തങ്ങള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിക്കുമ്പോള്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യത്തെ വിശകലനം ചെയ്യാനോ അതിനെക്കുറിച്ച് പ്രസ്താവന നടത്താനോ തങ്ങള്‍ മുതിരുന്നില്ല. എന്നാല്‍ എന്നാണ് ഈ വീഡിയോ ദൃശ്യം ചിത്രീകരിച്ചത് എന്നത് സംബന്ധിച്ച് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാനുള്ള ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ തീരുമാനത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

ലോറന്‍സ് അന്തരിച്ചതിന് പിന്നാലെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കണമെന്ന് പിതാവ് അറിയിച്ചിരുന്നതായി മകന്‍ എം.എല്‍ സജീവന്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ച്, മൃതദേഹം ക്രിസ്തീയ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് വിഷയത്തില്‍ കേരള അനാട്ടമി ആക്ട് പ്രകാരം തീര്‍പ്പ് കല്‍പ്പിക്കാന്‍ കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

മെഡിക്കല്‍ കോളജ് രൂപീകരിച്ച അഡൈ്വസറി കമ്മിറ്റി മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കാനുള്ള തീരുമാനം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനേയും തുടര്‍ന്ന് സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.