രോഗം സ്ഥിരീകരിച്ചത് പത്ത് ദിവസം മുമ്പ്; സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

രോഗം സ്ഥിരീകരിച്ചത് പത്ത് ദിവസം മുമ്പ്; സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്ന വസന്ത (77) ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചത്. ഇവര്‍ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സോഡിയം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് രക്ത പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. വീടുവിട്ട് അധികം പുറത്തുപോകാത്ത ആളാണ് വസന്തയെന്ന് പ്രദേശവാസികള്‍ പറയുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 31 ആയി.

അസുഖത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. വീടും പരിസരവും സമീപ പ്രദേശങ്ങളും പഞ്ചായത്ത് ആരോഗ്യ വിഭാഗം ക്ലോറിനേഷന്‍ നടത്തി. അതേസമയം വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗലക്ഷണം ഇല്ല.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.