കോഴിക്കോട്: പ്ലസ് വണ്‍ ഇമ്പ്രൂവ്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് നാദാപുരം കടമേരി ആര്‍.എ.സി എച്ച്.എസ്.എസിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥി പരീക്ഷ എഴുതുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന ഇംഗ്ലീഷ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്കിടെയാണ് പ്ലസ്വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മെയില്‍ പരീക്ഷ എഴുതിയത്. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം കാണിച്ചാണ് പരീക്ഷ എഴുതാനെത്തിയത്. സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധന നടത്തിയപ്പോഴാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെയും പൊലീസിനെയും വിവരം അറിയിച്ചു.
നാദാപുരം പൊലീസ് എത്തി വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതോടെ കൃത്രിമം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയെ നാളെ കോടതിയില്‍ ഹാജരാക്കും.