തലശേരി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ നടത്തിയ പ്രസംഗവും അതേത്തുടര്‍ന്ന് സജീവ് ജോസഫ് എംഎല്‍എ നടത്തിയ പരാമര്‍ശവും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പരിഹരിച്ചതായി തലശേരി അതിരൂപത. സമുദായ ശക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഉളിക്കല്‍ പള്ളിയില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഫാ. ഫിലിപ്പ് കവിയില്‍ സംസാരിച്ചത്.
പ്രസംഗത്തെക്കുറിച്ച് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് നടത്തിയ പരാമര്‍ശം ചില നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അതിരൂപതാ കേന്ദ്രം ഇടപെട്ട് പരിഹരിച്ചുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അതിരൂപത അറിയിച്ചു.
ജനപ്രതിനിധി എന്ന നിലയില്‍ സജീവ് ജോസഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമുള്ള ആദരവ് അതിരൂപതയും പങ്കുവയ്ക്കുന്നു. കൂട്ടായ്മയിലും സാഹോദര്യത്തിലും നമുക്ക് പ്രവര്‍ത്തിക്കാമെന്നും തലശേരി അതിരൂപത വ്യക്തമാക്കി.