സഹനിര്‍മാതാവ് എന്ന നിലയില്‍ കൈപ്പറ്റിയത് 40 കോടി: പൃഥ്വിരാജ് പ്രതിഫല വിവരങ്ങള്‍ നല്‍കണം; നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്

സഹനിര്‍മാതാവ് എന്ന നിലയില്‍ കൈപ്പറ്റിയത് 40 കോടി: പൃഥ്വിരാജ് പ്രതിഫല വിവരങ്ങള്‍ നല്‍കണം; നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്

കൊച്ചി: എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ നടന്‍ പൃഥ്വരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നി സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളില്‍ പ്രതിഫലം വാങ്ങാതെയാണ് പൃഥ്വിരാജ് അഭിനയിച്ചത്. എന്നാല്‍ സഹനിര്‍മാതാവ് എന്ന നിലയില്‍ 40 കോടിയോളം സ്വന്തമാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസം സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും മണിക്കൂറുകളോളമാണ് ഇഡി പരിശോധന നടത്തിയത്. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു പരിശോധന.

1000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം എന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.

എമ്പുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണം നടക്കുന്നതെന്നായിരുന്നു വിവരം. എന്നാല്‍ മൂന്ന് മാസം മുന്‍പ് തന്നെ ഗോകുലം ഗോപാലന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു ഇഡിയുടെ പ്രതികരണം. പൃഥ്വിരാജിന് ഇപ്പോള്‍ നോട്ടീസ് നല്‍കിയതും സ്വാഭാവിക നടപടിയാണെന്നാണ് ഇഡി നല്‍കുന്ന വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.