'ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതിക്കൊടുത്ത ജനതയല്ല ക്രൈസ്തവര്‍'; സമരത്തിനിറങ്ങുന്നത് ഗതികേടുകൊണ്ടെന്ന് മാര്‍ ജോസഫ് പാംപ്ലാനി

'ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതിക്കൊടുത്ത ജനതയല്ല ക്രൈസ്തവര്‍'; സമരത്തിനിറങ്ങുന്നത് ഗതികേടുകൊണ്ടെന്ന് മാര്‍ ജോസഫ് പാംപ്ലാനി

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഫിക്സഡ് ഡിപ്പോസിറ്റ് ആയി ആരും തങ്ങളെ കാണണ്ടായെന്നും ബിഷപ് മുന്നറിയിപ്പ് നല്‍കി.


ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവര്‍. മുനമ്പം നിവാസികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായം കേള്‍ക്കരുത്. മലയോര ജനത മുനമ്പത്തോടൊപ്പം ആണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.


ഗതികെട്ടതുകൊണ്ടാണ് സമരത്തിനിറങ്ങിയതെന്നും വെച്ച കാല്‍ പിന്നോട്ട് എടുക്കില്ലെന്നും അദേഹം പറഞ്ഞു. ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കണം. ഒരു സമുദായം മാത്രം വളരുന്നതും മറ്റ് സമുദായങ്ങളുടെ അവകാശം കവരുന്നതും ശരിയല്ല. സഭാ നേതൃത്വം വഖഫ് ബില്ലിന് പിന്തുണ നല്‍കാന്‍ എംപിമാരോട് പറഞ്ഞു. അത് അപരാധമായി ചിലര്‍ ചിത്രീകരിക്കാന്‍ നോക്കി. ബില്‍ സമുദായവിഷയമല്ല, സാമൂഹിക നീതിയുടെ വിഷയമാണ്. സകല പൗരന്മാരുടെയും അവകാശം നടപ്പിലാക്കപ്പെടണം. സഭയ്ക്ക് വ്യക്തമായ നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ട്. ക്രിസ്ത്യാനികള്‍ വഖഫിന്റെ പേരില്‍ മാത്രമല്ല ഒറ്റപ്പെടുന്നതെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.

അതേസമയം പോരാട്ടത്തിന്റെ പോര്‍മുഖത്താണ് ക്രൈസ്തവ സമുദായമുള്ളതെന്ന് താമരശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കുടിയിറക്കലിന്റെ മുന്നിലാണുള്ളത്. സര്‍ക്കാര്‍ കണ്ണ് തുറക്കണം. നമ്മുടെ വീട്ടില്‍ പന്നിയിറച്ചി ഉണ്ടോയെന്ന് ഒരു വനപാലകനും വീട്ടില്‍ കയറി പരിശോധിക്കരുത്. അങ്ങനെ കയറാന്‍ ഒരു വനപാലകനേയും അനുവദിക്കരുത്. വനപാലകര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സമ്മേളനം. ആസിയാന്‍ കരാര്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് ശേഷമാണ് കാര്‍ഷിക മേഖല തകര്‍ന്നതെന്നും അദേഹം പറഞ്ഞു.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കരാറുകള്‍ പൊളിച്ചെഴുതാമെങ്കില്‍ എന്തുകൊണ്ട് ഇവിടെ പറ്റില്ലെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആരാഞ്ഞു. ഇത് സര്‍ക്കാരിനോട് പോരാടാനുള്ള സമയമാണ്. വനം മന്ത്രിക്ക് കണ്ണില്ലെന്നും ആരോ എഴുതുന്ന നിയമങ്ങളില്‍ മന്ത്രി ഒപ്പിട്ട് നല്‍കുകയാണെന്നും അദേഹം വിമര്‍ശിച്ചു. കഴിവില്ലെങ്കില്‍ വനംവകുപ്പ് മന്ത്രി രാജിവെക്കണം. ഇനി ഒരു മനുഷ്യനും ഇവിടെ ആന കുത്തി മരിക്കരുത്. ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തിന് സര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നു എന്ന് മുഖ്യമന്ത്രി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.