ഹുബൈലിനെതിരെ മുന്‍പും പരാതി: പേഴ്സണല്‍ അസെസ്മെന്റ് എന്ന പേരില്‍ ജീവനക്കാരികളോട് ലൈംഗികാതിക്രമം; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി

ഹുബൈലിനെതിരെ മുന്‍പും പരാതി: പേഴ്സണല്‍ അസെസ്മെന്റ് എന്ന പേരില്‍ ജീവനക്കാരികളോട് ലൈംഗികാതിക്രമം; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി

കൊച്ചി: കൊച്ചിയില്‍ ജീവനക്കാരെ ക്രൂരമായ തൊഴില്‍ പീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയ്‌ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നേരത്തെ ഉയര്‍ന്നിരുന്ന പരാതി. ഈ കേസില്‍ കെല്‍ട്ര എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ ഉടമ വയനാട് സ്വദേശി ഹുബൈല്‍ മുന്‍പ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു.

ജോലിക്കാരായ പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നായിരുന്നു പരാതി. വീടുകള്‍ തോറും കയറിയിറങ്ങി വിവിധ സാധനങ്ങള്‍ വില്‍പന നടത്തുകയായിരുന്നു ജീവനക്കാരുടെ ജോലി. പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി ചെല്ലുന്ന ഹുബൈല്‍ പേഴ്സണല്‍ അസെസ്മെന്റ് എന്ന പേരില്‍ അവരെ വിളിച്ചുവരുത്തി മോശമായി പെരുമാറിയിരുന്നുവെന്നാണ് പരാതി.

സ്ഥാപനത്തില്‍ പുതിയതായി ജോലിക്ക് ചേര്‍ന്ന ഒരു യുവതി നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പൊലീസ് ഹുബൈലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ ജീവനക്കാരായ പല പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തേക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. തൊഴിലിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ പുറത്തുപോകുമ്പോള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഹുബൈല്‍ പിടിച്ചുവെക്കുമായിരുന്നു. അതിനാല്‍ പലര്‍ക്കും വീടുകളിലേക്ക് തിരിച്ചുപോകാനോ ചൂഷണം പുറത്തുപറയാനോ സാധിച്ചിരുന്നില്ല.

പുരുഷന്‍മാരായ ജീവനക്കാര്‍ക്ക് നേരെ ടാര്‍ഗറ്റിന്റെ പേരില്‍ നടത്തിയിരുന്ന കൊടിയ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരുടെ നേര്‍ക്ക് നടന്നത് കടുത്ത ക്രൂരതയെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടത്തിച്ച് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്.

അതേസമയം കൊച്ചിയിലെ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പീഡനം അനുവദിക്കാനാകില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. നടന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രതികരിച്ച മന്ത്രി ജില്ല ലേബര്‍ ഓഫീസറോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് കിട്ടിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.