വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന; നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു

വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന; നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു

കല്‍പറ്റ: വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഭീതി പരത്തി. ഇന്നലെ കാട്ടിക്കുളം-പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. റോഡില്‍ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തില്‍ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയതിനെ തുടര്‍ന്ന് റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

കാപ്പിത്തോട്ടത്തിലെ ഫെന്‍സിങ് തകര്‍ത്ത ആന റോഡിലേക്ക് ഇറങ്ങി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കുത്തിമറിച്ചു.
സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയത്. ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നിലകപ്പെട്ടു. പിന്നാലെ ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ സജേഷ് വീണു. സജേഷിനു തൊട്ടടുത്ത് ആനയെത്തിയെങ്കിലും പിന്മാറിയതിനാല്‍ തലനാരിഴയ്ക്ക് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ റസല്‍കുന്നിലെ വനത്തിലേക്ക് തുരത്തി. ഭീതി പടര്‍ത്തിയ കൊമ്പന്‍ കഴിഞ്ഞ മൂന്ന് മാസമായി പ്രദേശത്തുണ്ടെന്നും സ്ഥിരം ശല്യക്കാരനാണെന്നും പ്രദേശവാസികള്‍ പറയുന്നു.

ജനവാസ കേന്ദ്രങ്ങളില്‍ ആന ഇറങ്ങാതിരിക്കാന്‍ വനപാലകരുടെ കാവല്‍ ഏര്‍പ്പെടുത്തുമെന്നും കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയാല്‍ വിവരം അറിയിക്കണമെന്നും വനപാലകര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.