കോഴിക്കോട്: വഖഫ് ഭൂമി കേസില്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായേക്കാവുന്ന നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയ്ക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഇന്ന് വാദത്തിനിടെ ചോദിച്ചത്.
മുനമ്പത്തെ ഭൂമി സിദ്ദിഖ് സേഠ് ഫറൂഖ് കോളജിന് നല്‍കിയ കാലത്ത് വഖഫായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 1950 ലാണ് ഭൂമി വഖഫാണെന്ന തരത്തില്‍ ആധാരം ഉണ്ടാകുന്നത്.
1954 ലെ വഖഫ് നിയമപ്രകാരം ഒരു ഭൂമി വഖഫാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ മൂന്നു മാസത്തിനകം അത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിക്കണം എന്നുണ്ട്. ഇങ്ങനെ ചെയ്താല്‍ മാത്രമേ ആ ഭൂമിയുടെ കാര്യത്തില്‍ വഖഫ് ബോര്‍ഡിന് ഇടപെടാന്‍ സാധിക്കു. എന്നാല്‍ മുനമ്പത്തെ ഭൂമി ഈ നിയമം വന്നതിന് ശേഷവും വഖഫായി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
2019 ലാണ് ഭൂമി വഖഫാണ് എന്ന തരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിന് മുമ്പ് തന്നെ ഫറൂഖ് കോളജ് സ്ഥല വില്‍പ്പന നടത്തിയിരുന്നു. ആ വില്‍പ്പന സാധുവാകില്ലേ എന്ന ചോദ്യമാണ് വഖഫ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ഉന്നയിച്ചത്.
ഇതിനോട് കാര്യമായ എതിര്‍ വാദങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ട്രിബ്യൂണല്‍ ചെയര്‍മാന്റെ ചോദ്യത്തിനോട് വസ്തുതകള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് ബോര്‍ഡ് മറുപടി നല്‍കിയത്. 1988, 1990 കാലയങ്ങളിലായി 220 പേര്‍ക്ക് ഭൂമി വിറ്റിട്ടുണ്ടെന്ന് ഫറൂഖ് കോളജ് ട്രിബ്യൂണലിനെ അറിയിച്ചു.