കേന്ദ്ര മന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് വലിയൊരു പ്രഖ്യാപനം, അതുണ്ടായില്ല; നിരാശ പങ്കുവച്ച് മുനമ്പം സമരസമിതി

 കേന്ദ്ര മന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് വലിയൊരു പ്രഖ്യാപനം, അതുണ്ടായില്ല; നിരാശ പങ്കുവച്ച് മുനമ്പം സമരസമിതി

കൊച്ചി: മുനമ്പം സന്ദര്‍ശനം നടത്തിയ കേന്ദ്ര മന്ത്രിയില്‍ നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ച് സമയം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്ന് മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും. എന്നാല്‍ അതിനായി കുറച്ചുകൂടി സമയം എടുക്കുമെന്നാണ് മുനമ്പത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിര്‍ദേശം കൊടുക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയുകയുളളൂ. ഈ സാഹചര്യത്തില്‍ മുനമ്പത്ത് പരിഹാരത്തിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്നും മുനമ്പത്തെത്തിയ കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ നിരാശ അറിയിച്ച് സമരസമിതി രംഗത്തെത്തിയത്.

എല്ലാ പാര്‍ട്ടിക്കാരും ഇവിടെ വരുകയും തങ്ങള്‍ക്ക് പിന്തുണ തരുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പ്രശ്നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവരാണ് തങ്ങള്‍. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍ പറഞ്ഞു.

വഖഫ് നിയമ ഭേദഗതി ബില്‍ നിയമമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മുനമ്പത്ത് ബിജെപി ചൊവ്വാഴ്ച ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.