കൊച്ചി: ആലുവ-മൂന്നാര്‍ രാജപാത സഞ്ചാരത്തിനായി തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാര്‍ പുന്നക്കോട്ടിലിനും മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരെ കേസെടുത്ത നടപടിയില്‍ ജാതിമത ഭേദമന്യേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധം ശക്തമായതോടെയാണ് കഴിഞ്ഞ മാര്‍ച്ച് 16 ന് പൂയംകുട്ടിയില്‍ നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ്, കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, വൈദികര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
സമരവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പിന്‍വലിക്കും. ആലുവ-മൂന്നാര്‍ രാജപാതയുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി നിലവിലുള്ള തര്‍ക്കങ്ങളും വസ്തുതകളും പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രനെ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം ചൂതമലപ്പെടുത്തി. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും യോഗം നിര്‍ദേശിച്ചു.
നേരത്തേ പൊതുജനങ്ങള്‍ ഉപയോഗിച്ചിരുന്ന ആലുവ- മൂന്നാര്‍ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും അന്യായമായി വഴിയടച്ചു യാത്ര തടസപ്പെടുത്തുന്നതില്‍ നിന്ന് വനം വകുപ്പ് പിന്മാറണമെന്നും ആവശ്യപ്പെട്ട് നടന്ന ജനമുന്നേറ്റ യാത്രയില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. നാടിന്റെ വികസനത്തിന് വിഘാതമായി വനം വകുപ്പിന്റെ റോഡ് കൈയേറ്റത്തിനെതിരേ പ്രതിഷേധ സൂചകമായാണ് നാട്ടുകാര്‍ ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചത്.