മുനമ്പം ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

മുനമ്പം ഭൂമി വിഷയത്തില്‍  മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്.

എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

മുനമ്പം സമര സമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.