കൊച്ചി: ജമ്മു കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ സംഭവിച്ച നിഷ്ഠൂരമായ ഭീകരാക്രമണം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെസിബിസി. വിനോദ സഞ്ചാരികളായി പലയിടത്ത് നിന്നും എത്തിച്ചേര്‍ന്നവര്‍ക്കിടയില്‍ നിന്ന് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇരകളെ തിരഞ്ഞെടുത്ത് കൊലപ്പെടുത്തിയ അക്രമികള്‍ രാജ്യവും ആഗോള സമൂഹവും കാത്തുസൂക്ഷിക്കുന്ന മതേതര മൂല്യങ്ങള്‍ക്കെതിരായ പൈശാചികമായ നീക്കമാണ് നടത്തിയത്.
രാജ്യത്തിന് അകത്തും പുറത്തും മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന, അപരരെ കൊന്നൊടുക്കാന്‍ പദ്ധതികള്‍ മെനയുന്ന എല്ലാ നീക്കങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും അതീവ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. മത-വര്‍ഗീയ സംബന്ധമായ അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ ശാന്തിയും സമാധാനവും ഉറപ്പ് വരുത്താന്‍ സാമൂഹിക-സാമുദായിക-മത നേതൃത്വങ്ങള്‍ ഭരണ നേതൃത്വങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഡ്യവും അനുശോചനവും ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നതോടൊപ്പം, ലോകമെമ്പാടും ഇത്തരത്തില്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭീഷണികള്‍ നേരിടുകയും ചെയ്യുന്ന അനേകായിരങ്ങളുടെ ദുരവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ വ്യക്തമാക്കി.