പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

കൊച്ചി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ മൃതദേഹം മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു.

വിനോദയാത്രയുടെ ഭാഗമായി കാശ്മീരിലെത്തിയ എന്‍. രാമചന്ദ്രനെ ഭീകരര്‍ വെടിവെച്ച് കൊന്നത് മകളുടെ മുന്നില്‍വെച്ചായിരുന്നു. തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയില്‍ നിന്ന് കാശ്മീരിലേക്ക് പോയത്. ഭാരതീയ വിദ്യാഭവനിലെ അധ്യാപികയായ ഭാര്യ ഷീലയും മകള്‍ അശ്വതിയും രണ്ട് പേരക്കുട്ടികളും അടങ്ങുന്ന സംഘമാണ് കാശ്മീരിലേക്ക് പോയിരുന്നത്. ദുബായിലായിരുന്ന അശ്വതി കുറച്ച് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസിയായിരുന്ന രാമചന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.


കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഭൗതിക ശരീരം റിനൈ മെഡിസിറ്റിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെ 11 ന് ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.