'താപനില ഉയരുന്നു; ജാഗ്രത വേണം': ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ജനറല്‍

'താപനില ഉയരുന്നു; ജാഗ്രത വേണം': ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ജനറല്‍

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഡിഫന്‍സ്.

താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 55 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നേരിട്ട് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന തരത്തില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ആര്‍ക്കെങ്കിലും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം വരികയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. വായു സഞ്ചാരം ലഭിക്കുന്ന തരത്തില്‍ മുറിക്കുള്ളിലെ വാതിലുകള്‍ തുറന്നിടണം.

മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കണമെന്നും ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ തൈര്, മോര്, മരപ്പഴങ്ങളുടെ ജ്യൂസ് തുടങ്ങിയ ശീതള പാനീയങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കാറുകളില്‍ നിന്ന് ഗ്യാസ് വസ്തുക്കള്‍, ലൈറ്ററുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പെര്‍ഫ്യൂമുകള്‍, ഉപകരണ ബാറ്ററികള്‍ എന്നിവ ഒഴിവാക്കണം. കാറിന്റെ വിന്‍ഡോകള്‍ ചെറുതായി തുറന്നിരിക്കണം. ഇന്ധന ടാങ്ക് പൂര്‍ണമായും നിറയ്ക്കരുത്. വൈകുന്നേരം കാറിന് ഇന്ധനം നിറയ്ക്കുക. രാവിലെ കാറില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും യാത്രയ്ക്കിടെ കാറിന്റെ ടയറുകളില്‍ അമിതമായി കാറ്റ് നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

അമിതമായ ചൂട് മൂലം തേളുകളും പാമ്പുകളും അവയുടെ മാളങ്ങളില്‍ നിന്ന് പുറത്തു വന്ന് തണുത്ത സ്ഥലങ്ങള്‍ തേടി പാര്‍ക്കുകളിലും വീടുകളിലും പ്രവേശിച്ചേക്കാം എന്നതിനാല്‍ അവയെക്കുറിച്ച് ജാഗ്രത പാലിക്കണം.

ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക, ഗ്യാസ് സിലിണ്ടര്‍ വെയിലത്ത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, വൈദ്യുതി മീറ്ററുകള്‍ ഓവര്‍ലോഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക, വീട്ടിലെ തിരക്കേറിയ സ്ഥലങ്ങളില്‍ മാത്രം എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുക, വീട്ടിലെ എസി 24-25 ഡിഗ്രി സെല്‍ഷ്യസല്‍ സൂക്ഷിക്കുക തുടങ്ങിയ മുന്നറിയിപ്പും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ജനറല്‍ നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.