ഡാളസിലെ സെന്റ് തോമസ് സിറോമലബാർ ഇടവകയിൽ സ്ഥാപകാം​ഗങ്ങളെ ആദരിച്ചു

ഡാളസിലെ സെന്റ് തോമസ് സിറോമലബാർ ഇടവകയിൽ സ്ഥാപകാം​ഗങ്ങളെ ആദരിച്ചു

ഡാളസ്: ഡാളസിലെ സെന്റ് തോമസ് സിറോമലബാർ ഇടവകയുടെ സ്ഥാപകാം​ഗങ്ങളെ ആദരിച്ചു. ഏപ്രിൽ 27 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിലാണ് ആദരിക്കൽ നടന്നത്. ബിഷപ്പ് എമിരറ്റേസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വി. കുർബാനയിൽ ഫാ ജോസഫ് പുത്തൂർ, ഇടവക വികാരി ഫാ ജെയിംസ് നിരപ്പേൽ എന്നിവർ സഹകാർമികർ ആയിരുന്നു. 

ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോമലബർ രൂപതയായ ചിക്കാഗോ രൂപതയ്ക്ക് 2025 ജൂബിലിയുടെ വർഷമാണ്. ഒപ്പം  ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയതിനും. 1984 -85 കാലഘട്ടത്തിൽ ഫാ ജേക്കബ് അങ്ങാടിയത്തിനൊപ്പം ഒരു സിറോമലബാർ ഇടവക ആരംഭിക്കാൻ മുൻകൈ എടുക്കുകയും അതിനായി അഹോരാത്രം അധ്വാനിക്കുകയും ചെയ്തവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയുക എന്ന ഉദ്ദേശത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.  ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിനൊപ്പം ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ, മാത്യു കെ ജോൺ, കുര്യാച്ചൻ മണനാൽ, സണ്ണി കൊച്ചുപറമ്പിൽ എന്നിവർ ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.



ഒരു ഇടവക ആരംഭിക്കുക എന്ന ദൗത്യനിർവഹണത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ബിഷപ്പ് അങ്ങാടിയത്ത് കുർബാനമധ്യേ വിവരിച്ചു. തുടർന്ന് ജൂബിലി ഹാളിൽ സമ്മേളനം നടന്നു. അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കവച്ചു. പ്രഭാത ഭക്ഷണത്തിന് ശേഷം ചടങ്ങ് അവസാനിച്ചു.

അമേരിക്കയിൽ ഒരു സിറോമലബാർ മിഷൻ ആരംഭിക്കാൻ ആദ്യമായി നിയോഗിക്കപ്പെട്ട വൈദികനാണ് ഫാ ജേക്കബ് അങ്ങാടിയത്ത്. 1984ൽ ടെക്സസിലെ ഡാളസിൽ എത്തിയ അദേഹം സിറോമലബാർ മിഷൻ ആരംഭിച്ചു. 1992ൽ ഗാർളണ്ടിൽ സെൻറ് തോമസ് സിറോമലബാർ ദേവാലയം സ്ഥാപിച്ചു. അമേരിക്കയിലെ ആദ്യത്തെ സിറോമലബാർ ദേവാലയമായ ഈ ദേവാലയം ഇന്ന് ഫൊറോനാ ദേവാലയമാണ്.



2001 മാർച്ച് 13 നാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ-മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് സിറോ-മലബാർ രൂപത സ്ഥാപിതമായത്. അന്നത്തെ മാർപാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഫാ ജേക്കബ് അങ്ങാടിയത്തിനെ ചിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിച്ചു. 2001 ജൂലൈ ഒന്നിന് നടന്ന രണ്ടാമത്തെ സിറോമലബാർ കൺവെൻഷനിൽ വച്ച് അഭിവന്ദ്യ മാർ കർദിനാൾ വർക്കി വിതയത്തിൽ ഫാ ജേക്കബ് അങ്ങാടിയത്തിനെ ചിക്കാഗോ രൂപതയുടെ ബിഷപ്പായി അഭിഷേകം ചെയ്തു. 2014 ജുലൈ 24ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് മാർപാപ്പ ചിക്കാഗോ രൂപതയുടെ ഓക്സിലറി ബിഷപ്പായും നിയമിച്ചു.

നീണ്ട മുപ്പത്തിയേഴ് വർഷം വികാരിയായും ബിഷപ്പായും സേവനം ചെയ്ത അങ്ങാടിയത്ത് പിതാവ് സഞ്ചരിച്ച വഴികൾ കൃത്യമായി അറിയാവുന്നത് അദേഹത്തിന് മാത്രം. സൗമ്യതയും ശാന്തതയും മുഖമുദ്രയാക്കിയ അഭിവന്ദ്യ പിതാവ് സഞ്ചരിച്ച വഴികൾ സൗമ്യതയും ശാന്തതയും നിറഞ്ഞതായിരുന്നിരിക്കില്ല. അഭിവന്ദ്യ പിതാവിനോടും അന്ന് പിതാവിനെ സ്നേഹത്തോടെ സ്വീകരിച്ച് സഹായ ഹസ്തം നീട്ടിയ ഡാളസിലെ തദേശീയരായ വൈദികരോടും മറ്റുള്ളവരോടും വിശ്വാസി സമൂഹം കടപ്പെട്ടിരിക്കുന്നു.



മാർ ജേക്കബ് അങ്ങാടിയത്ത് കടന്ന് പോയ കല്ലും മുള്ളും നിറഞ്ഞ വഴികൾ കണ്ടറിഞ്ഞവരും അനുഭവിച്ചവരും സെൻറ് തോമസ് ഡാളസ് ഇടവകയെ സമ്പന്നമാക്കുന്നു. ഇന്ന് അമേരിക്കയിലെ സിറോമലബർ വിശ്വാസികൾക്ക് തല ഉയർത്തിപ്പിടിച്ച്, അഭിമാനത്തോടെ തങ്ങളുടെ ഒരു ദേവാലയം എന്ന് അവകാശപ്പെടാനാകുന്നുണ്ടെങ്കിൽ അതിൻ്റെ പേരിൽ ആരെന്ന് പോലും അറിയില്ലാത്ത പലരോടും കടപെട്ടിരിക്കുന്നു .

ഡാളസിലെ ഒരു ഇംഗ്ലീഷ് ദേവാലയത്തിൽ അസി വികാരിയായി സേവനം ആരഭിച്ച ഫാ ജേക്കബ് അങ്ങാടിയത്ത് അവിടെ സേവനം അനുഷ്ഠിച്ചുകൊണ്ട് ഡാളസിൽ സിറോമലബാർ മിഷൻ ആരംഭിച്ചു. ഒരുമിച്ച് കൂടാനും വി കുബാനയ്ക്കും മറ്റ് സ്ഥലങ്ങൾ ഇല്ലാതെ ഇരുന്നത്കൊണ്ട് ആ ദേവാലയത്തിന്റെ തന്നെ ബേസ്‌മെന്റിൽ സമ്മേളിച്ചു. ഒരു ഡിസംബറിലെ തോരാത്ത മഴക്കാലത്ത് ക്രിസ്മസ് ദിനം വെള്ളം നിറഞ്ഞ് കിടക്കുന്ന ബേസ്‌മെന്റിൽ ആഘോഷികെജെണ്ടി വന്നു. അന്ന് സ്വന്തമായി ഒരു ദേവാലയം വേണം എന്ന തീരുമാനത്തിൽ എത്താൻ അതിടയാക്കി.



തുടർന്ന് ഒരു ബാപ്റ്റിസ്റ്റ് ദേവാലയം വില്ക്ക് വാങ്ങി അവിടെ ശുശ്രൂഷകൾ ആരംഭിച്ചു. ഇടവക വളർന്നുകൊണ്ടിരുന്നു. ആ ദേവാലയത്തിൽ എല്ലവർക്കും ഉള്ള സ്ഥലം തികയാതെയായി.ആ ദേവാലയം പൊളിച്ച് പുതിയ ദേവാലയം പണിയാനുള്ള നടപടികൾ ആരംഭിച്ചത് 2009-10 കാലഘട്ടത്തിൽ. 2011ൽ ഇപ്പോൾ നിലവിലുള്ള ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

തികച്ചും പൗരസ്ത്യ ആരാധനക്രമരീതിയിലുള്ള ഇപ്പോഴത്തെ ദേവാലയ നിർമാണത്തിലും ആദ്യകാല അംഗങ്ങളുടെ പങ്കുണ്ട്. ഡാളസ് സെന്റ് തോമസ് ഇടവകയുടെയും ചിക്കാഗോ രൂപതയുടെയും ഇന്നത്തെ വളർച്ചക്ക് പിന്നിൽ അറിയുന്നവരും അറിയാത്തവരുമായി എത്രയോ പേരുടെ അധ്വാനത്തിന്റെ കഥകൾ പറയാനുണ്ട്. അതിൽ ചിലരൊക്കെ ഓട്ടം പൂർത്തിയാക്കി ദൈവസന്നിധിയിലേക്ക് യാത്രയാവുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.