എ. രാജയ്ക്ക് എംഎല്‍എ ആയി തുടരാം; വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി

 എ. രാജയ്ക്ക് എംഎല്‍എ ആയി തുടരാം; വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി

ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എ. രാജയ്ക്ക് ആശ്വാസം. എംഎല്‍എ ആയി തുടരാമെന്ന് എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാര്‍ച്ചില്‍ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു.

ജഡ്ജിമാരായ എ. അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി തിരഞ്ഞെടുപ്പ് ജയം ശരിവച്ചത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാര്‍ച്ച് 20 നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.

ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹര്‍ജി നല്‍കിയത്. ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ രാജയ്ക്ക് അനുകൂലമായി വിധിച്ച ബെഞ്ച്, ഹൈക്കോടതി ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഹിന്ദു പറയന്‍ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെ മുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ഹൈക്കോടതി നടപടി.

തമിഴ്നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയര്‍ വിഭാഗക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീം കോടതിയില്‍ വാദിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവില്‍ വന്ന 1950 ഓഗസ്റ്റ് 10 ന് മുമ്പ് കുടിയേറിയതിനാല്‍ തമിഴ് നാട്ടിലെ സംവരണത്തിന് ഉണ്ടായിരുന്ന അര്‍ഹത കേരളത്തിലും ഇവര്‍ക്ക് ഉണ്ടെന്ന് രാജക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ ജി. പ്രകാശും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവില്‍വന്ന 1950 ഓഗസ്റ്റ് 10 ന് മുമ്പാണോ രാജയുടെ പിതാവിന്റെ മാതാപിതാക്കള്‍ കുടിയേറിയതെന്ന് തെളിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തന്റെ അച്ഛന്റെ അമ്മ പുഷ്പം 1950 ന് മുമ്പ് കേരളത്തില്‍ എത്തിയത്തിന്റെ രേഖകള്‍ രാജ സുപ്രീം കോടതിയില്‍ ഹാജരാക്കിയത്. ഈ രേഖകള്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. 1949 മുതല്‍ പുഷ്പം ടാറ്റയുടെ ഉടമസ്ഥയിലുള്ള മൂന്നാറിലെ കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ ജോലി ചെയ്തിരുന്നതിന്റെ രേഖകളാണ് സുപ്രീം കോടതിക്ക് കൈമാറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.