കൊച്ചി: ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. പ്രമുഖ എണ്ണ ഉല്‍പാദകരായ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ഇന്ധന ലഭ്യതയില്‍ ഇടിവുണ്ടാക്കുമെന്ന ആശങ്കയില്‍ ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 14 ശതമാനം വര്‍ധിച്ച് 79 ഡോളര്‍ വരെ ഉയര്‍ന്നു.
ഇന്നലെ മാത്രം പത്ത് ഡോളറിന്റെ വര്‍ധനയാണുണ്ടായത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായാല്‍ എണ്ണവില ബാരലിന് 120 ഡോളറിലെത്തുമെന്ന് ആഗോള ഏജന്‍സികള്‍ പ്രവചിക്കുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖല ഇന്ധന കമ്പനികള്‍ പാചക വാതകം, വിമാന ഇന്ധനം തുടങ്ങിയവയുടെ വില വര്‍ധിപ്പിച്ചേക്കും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുകയുള്ളൂവെന്ന് എണ്ണ കമ്പനികളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പാചക വാതകത്തിന്റെ വില വര്‍ധനവിനൊപ്പം പെട്രോള്‍, ഡീസല്‍ വിലകൂടി വര്‍ധിച്ചാല്‍ അത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിന് കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.