വാഷിങ്ടണ്‍ ഡിസി: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാര്‍. ‘ഇസ്രയേലിനും ഇറാനും ഇടയില്‍ ദീര്‍ഘകാല സമാധാനത്തിനായുള്ള പാത തുറക്കുന്നതിന് എല്ലാ രാജ്യങ്ങളും നയതന്ത്ര ഇടപെടലുകള്‍ പുനരാരംഭിക്കണം’ എന്ന് അമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
മധ്യപൂര്‍വ ദേശത്തെ ആണവായുധങ്ങളുടെ വ്യാപനവും ഇപ്പോഴത്തെ തീവ്രമായ ആക്രമണങ്ങളും ഈ മേഖലയില്‍ അവശേഷിക്കുന്ന ദുര്‍ബലമായ സ്ഥിരതയെക്കൂടി ഭീഷണിപ്പെടുത്തുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്പുമാരുടെ സമിതിയുടെ ചെയര്‍മാനും അന്താരാഷ്ട്ര നീതിയും സമാധാനവുമുള്ള കമ്മിറ്റിയുടെയും അധ്യക്ഷനുമായ ബിഷപ്പ് എലിയാസ് സൈദാന്‍ പറഞ്ഞു.
പരസ്പര സംഭാഷണത്തിലൂടെ എല്ലാവരുടെയും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങള്‍ക്കായി അനുരഞ്ജന ശ്രമങ്ങള്‍ ആരംഭിക്കേണ്ട സമയമാണിതെന്നും സമാധാനത്തെ പിന്തുണയ്‌ക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു.
ലോകത്തിന് മുഴുവന്‍ ഭീഷണിയായ ഈ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാ വിശ്വാസികളും ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കണമെന്ന് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു.