ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഗ്യാസ് പൈപ്പ് ലൈനിന് കുഴിയെടുക്കുകയായിരുന്ന കോർപ്പറേഷൻ പണിക്കാർ കണ്ടെത്തിയത് 1000 വർഷമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്ന മമ്മി. മമ്മിയിൽ നിന്ന് കാർബൺ ഡേറ്റിങ് നടത്തുകയാണിപ്പോൾ ആർക്കിയോളജി വകുപ്പ്.
ഗ്യാസ് പൈപ്പ് ലൈനിന് വേണ്ടിയുള്ള ലിമ അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് നഗരത്തിലെ തെരുവിൽ നിന്ന് മമ്മി കണ്ടെത്തിയത്. ഭൂമിക്കടിയിൽ 20 ഇഞ്ച് ഉയർന്ന പ്രതലത്തിൽ ഇരുത്തി സംസ്കരിച്ചിരിക്കുന്നതും തുണിയിൽ പൊതിഞ്ഞ് ആഭരണങ്ങളും പാത്രങ്ങളും ഒരുമിച്ച് ചേർത്ത് കെട്ടിവെച്ച് അടക്കം ചെയ്തതുമായ മമ്മികളാണ് കണ്ടെത്തിയത്.
നൂറ്റാണ്ടുകൾക്ക് മുൻപ് ആചാരപരമായ സവിശേഷതകളോടെ ശവശരീരം അടക്കുന്ന രീതിയെയാണ് മമ്മിഫിക്കേഷൻ എന്ന് പറയുന്നത്. പ്രാചീന കാലത്ത് ഈജിപ്ഷ്യൻ ഫറോവാകളും രാജാക്കന്മാരുമാണ് ഈ രീതി ആദ്യം പിന്തുടർന്നിരുന്നത്. പിന്നീട് പല വിഭാഗങ്ങളും ഈ സംസ്കാര രീതി അനുവർത്തിച്ചു.
കാർഷിക ഇടമായിരുന്ന ഇവിടം ചെറുപട്ടണമായി മാറിയതാണെന്ന് ലിമയിലെ ആർക്കിയോളജിസ്റ്റായ ഹൊസെ അലിയാഗ പറഞ്ഞു. പെറുവിയൻ തീരത്തെ പ്രാചീന ചൻകായ് സംസ്കാരത്തിന്റെ ഭാഗമായുള്ള കല്ലറയാകാം ഇതെന്നും 1000 വർഷം പഴക്കം കാണുമെന്നും അലിയാഗ പറഞ്ഞു. നദിയിൽ മീൻ പിടിച്ചും വേട്ടയാടിയുമാണ് ഈ വിഭാഗം ജീവിച്ചിരുന്നത്.