കാഠ്മണ്ഡു: നേപ്പാളിൽ ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദിയിലുണ്ടായ പെട്ടെന്നുള്ള ജലനിരപ്പ് ഉയർച്ചയാണ് വലിയ ദുരന്തത്തിന് കാരണമായത്. അപകടത്തിൽ ഇതുവരെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരത്തിനെത്തിയ 105 ഇന്ത്യക്കാരും മൂന്ന് അമേരിക്കക്കാരും ഉൾപ്പെടെ ആകെ 291 വിദേശ പൗരന്മാരെയാണ് പ്രദേശത്ത് കാണാതായിരിക്കുന്നത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരമാണ് ഇത്രയധികം സഞ്ചാരികൾ അപകടത്തിൽപ്പെട്ട വിവരം പുറത്തുവന്നിട്ടുള്ളത്.
മലേഷ്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും കാണാതായവരുടെ പട്ടികയിലുണ്ട്. എന്നാൽ കാണാതായ മറ്റ് 103 പേരുടെ രാജ്യമേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
കുത്തിയൊലിച്ചെത്തിയ ചെളിവെള്ളത്തിൽ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോവുകയും തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തി മേഖലകൾ പൂർണമായി ഒറ്റപ്പെടുകയും ചെയ്തു. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. കൂടാതെ മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുകയാണ്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. കനത്ത പ്രളയം സൃഷ്ടിച്ച നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഈ മേഖലയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.