'വിവാഹിതരായ സ്ത്രീകളോട് ഐടി കമ്പനികള്‍ക്ക് പുച്ഛം; ഗര്‍ഭിണികളെ പിരിച്ചുവിടല്‍ പട്ടികയില്‍പ്പെടുത്തുന്നു'

'വിവാഹിതരായ സ്ത്രീകളോട് ഐടി കമ്പനികള്‍ക്ക് പുച്ഛം; ഗര്‍ഭിണികളെ പിരിച്ചുവിടല്‍ പട്ടികയില്‍പ്പെടുത്തുന്നു'

കോഴിക്കോട്: വിവാഹിതരാകുന്ന സ്ത്രീകളോട് ഐടി കമ്പനികള്‍ അവഗണന കാണിക്കുന്നുവെന്നും ഗര്‍ഭിണികളാകുന്ന ജീവനക്കാരെ പിരിച്ചു വിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുവെന്നും ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ പരാതി.

വിവാഹിതരായാല്‍ പ്രമോഷന്‍ ഉള്‍പ്പെടെയുളള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും സംസ്ഥാന വനിതാ കമ്മീഷന്‍ കോഴിക്കോട് സംഘടിപ്പിച്ച പബ്ലിക് ഹിയറിങില്‍ ജീവനക്കാര്‍ പറഞ്ഞു.

വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഹിയറിങിന്റെ ഭാഗമായി കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഐടി മേഖലയിലെ തൊഴില്‍ ചൂഷണത്തെക്കുറിച്ച് ജീവനക്കാര്‍ തുറന്ന് പറഞ്ഞത്.

ഐടി മേഖലയില്‍ പ്രസവാവധി ലഭിക്കുന്നത് അപൂര്‍വമാണെന്നും ലീവെടുത്ത ശേഷം തിരിച്ചു വന്നാല്‍ പഴയ പരിഗണന ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഗര്‍ഭിണികളാകുന്നവരെ ചില കമ്പനികള്‍ പിരിച്ചു വിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പ്രസവാവധി കാലത്തെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകട്ടെ പല കമ്പനികളും തയാറല്ല.

വിവാഹിതരാകുന്നത് ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് പലര്‍ക്കും തടസമാണ്. ഇതുള്‍പ്പെടെ വനിത ജീവനക്കാര്‍ നേരിടുന്ന ചൂഷണം കണ്ടെത്തി പരിഹാരം കാണാന്‍ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടെങ്കിലും ഇവ കൃത്യമായി ചേരുകയോ ഇവയെക്കുറിച്ച് വനിതാ ജീവനക്കാര്‍ക്ക് അവബോധം നല്‍കുകയോ ചെയ്യുന്നില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

ജോലി സമ്മര്‍ദം പലപ്പോഴും താങ്ങാന്‍ കഴിയാറില്ലെന്നും അതിനാല്‍ സൈക്കോളജിസ്റ്റിന്റെയോ സോഷ്യല്‍ കൗണ്‍സിലറുടെയോ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.