വാഷിങ്ടൺ ഡിസി: 2025-2026 സ്കൂൾ വർഷം മുതൽ എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപനകൾ പ്രദർശിപ്പിക്കണമെന്ന ടെക്സസ് ഗവർണറുടെ ഉത്തരവിന് പിന്തുണയേറുന്നു. അമേരിക്കയിലെ മുതിർന്നവരിൽ പകുതിയിലധികം പേരും പൊതു വിദ്യാലയങ്ങളിലെ ക്രിസ്തീയ പ്രാർഥനയെ പിന്തുണക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ സർവേ കണ്ടെത്തി.
ക്ലാസ് മുറികളിൽ ക്രിസ്തീയ പ്രാർഥനകൾക്ക് നേതൃത്വം നൽകുന്ന പൊതുവിദ്യാലയ അധ്യാപകരെ 52 ശതമാനം മുതിർന്നവരും പിന്തുണയ്ക്കുന്നതായി സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 27 ശതമാനം പേർ ഈ നടപടിയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. യു എസിലെ 36,908 മുതിർന്ന പൗരന്മാരിലാണ് പ്യൂ റിസർച്ച് സെന്റർ സർവേ നടത്തിയത്.
എവിടെ നിന്നും നോക്കിയാലും കാണാവുന്ന വലുപ്പത്തിൽ 16 x 20 ഇഞ്ച് (41 x 51 സെ.മീ) വലിപ്പത്തിൽ ക്ലാസ് മുറികളിൽ പത്ത് കൽപനകൾ ഇംഗ്ലീഷിൽ പ്രദർശിപ്പിക്കണമെന്നാണ് ബില്ലിൽ പറയുന്നത്.
ടെക്‌സസിലെ പൊതു വിദ്യാലയങ്ങളിൽ മതപരമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ നിയമങ്ങൾ വരുന്നത്. ഇതുവഴി വിദ്യാർഥികൾക്കും അധ്യാപകർക്കും തങ്ങളുടെ വിശ്വാസം സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.