മെഡിക്കല്‍ കോളജ് അപകടം: മന്ത്രി വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തി; മകള്‍ക്ക് സൗജന്യ ചികിത്സയും മകന് താല്‍ക്കാലിക ജോലിയും നല്‍കും

മെഡിക്കല്‍ കോളജ് അപകടം: മന്ത്രി വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തി; മകള്‍ക്ക് സൗജന്യ ചികിത്സയും മകന് താല്‍ക്കാലിക ജോലിയും നല്‍കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്നും മകന്‍ നവീന് മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അടിയന്തര സഹായമായി 50,000 രൂപ മെഡിക്കല്‍ കോളജ് എച്ച്.ഡി.സി ഫണ്ടില്‍ നിന്ന് മന്ത്രി കുടുംബത്തിന് കൈമാറി. കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടെന്നും അദേഹം പറഞ്ഞു.

നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് പ്രധാന ആവശ്യം. അത് പൂര്‍ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താല്‍കാലി ജോലി നല്‍കും. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

കുടുംബം മുന്നോട്ട് വെച്ച മറ്റ് രണ്ട് കാര്യങ്ങള്‍ സാമ്പത്തിക സഹായമാണ്. താല്‍കാലിക ധനസഹായം നല്‍കി. വലിയ ധനസഹായം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്നും വാസവന്‍ അറിയിച്ചു.

മന്ത്രിക്കൊപ്പം ജില്ലാ കളക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു. ആരോഗ്യ മേഖലയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി വാസവന്‍ വീട്ടില്‍ നേരിട്ടെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. വീട്ടില്‍ നേരിട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.