ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാ ശ്ലീഹായുടെ സ്മരണയായി ആചരിക്കുന്ന ദുക്റാന തിരുനാൾ ഷാർജ സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ജൂൺ 26 ന് കൊടിയേറ്റോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ഒമ്പത് ദിവസത്തെ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ ഉണ്ടായിരുന്നു.
മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ മാർ അലക്സ് തരാമംഗലം തിരുനാൾ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. മുത്തു, സഹ വികാരി ഫാ. ജോൺ തുണ്ടിയത്ത്, മലയാള സമൂഹത്തിന്റെ ആത്മീയ പിതാവായ ഫാ. ജോസഫ് വട്ടുകുളത്തിൽ, മറ്റ് വൈദികർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് മെത്രാനെ ഭക്തിപൂർവം സ്വീകരിച്ചു.
“നിങ്ങളുടെ വിശ്വാസ തീക്ഷണത എനിക്ക് പ്രചോദനമാണ്. സ്വന്തം നാടുപേക്ഷിച്ച് എഷ്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം വിതറിയ ഒരു പ്രവാസിയായിരുന്ന മാർത്തോമയുടെ മക്കളാണ് നിങ്ങൾ. അതിന്റെ തെളിവാണ് തിങ്ങിനിറഞ്ഞ ഈ ദേവാലയവും ഇതിന്റെ പരിസങ്ങളും" - മെത്രാൻ വചന സന്ദേശത്തിൽ പറഞ്ഞു.
4500-ത്തിലധികം വിശ്വാസികൾ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. നാട്ടിലെ പാരമ്പര്യങ്ങളോട് ചേർന്ന് നിൽക്കുന്ന വിധത്തിലായിരിന്നു തിരുനാൾ ചടങ്ങുകൾ ക്രമീകരിച്ചത്. വിശ്വാസികൾക്ക് കഴുന്നെടുക്കാനുള്ള സൗകര്യങ്ങളും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് മലയാളം പാരിഷ് കമ്മിറ്റി, മറ്റ് മലയാളം കമ്മ്യൂണിറ്റികൾ, വിവിധ പ്രാർത്ഥനാ കൂട്ടായ്മകൾ എന്നിവർ സംയുക്തമായ സഹകരണം നൽകിയതോടെ ആഘോഷങ്ങൾ കൂടുതൽ പങ്കാളിത്തമുള്ള ഭക്തി സാന്ദ്രമായ ചടങ്ങായി മാറി.
