സൈബര്‍ കുറ്റ കൃത്യങ്ങള്‍ പെരുകുന്നു: ബോധവല്‍കരണത്തിന് ഓണ്‍ലൈന്‍ സംവിധാനവുമായി ദുബായ് പൊലീസ്

സൈബര്‍ കുറ്റ കൃത്യങ്ങള്‍ പെരുകുന്നു: ബോധവല്‍കരണത്തിന് ഓണ്‍ലൈന്‍ സംവിധാനവുമായി ദുബായ് പൊലീസ്

ദുബായ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ അവബോധം നല്‍കാന്‍ ദുബായ് പൊലീസ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് വിഭാഗം വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

സൈബര്‍ സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിനും പൊതുജനസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബായ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരിയുടെ നിര്‍ദേശപ്രകാരമാണ് സംവിധാനം ആരംഭിച്ചത്. അറബിക്, ഇംഗ്ലീഷ് എന്നി രണ്ട് ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുന്നത്. തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാമെന്നും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കുമെന്നും

പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. https://ecrimehub.gov.ae/ar എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാം.
അടിസ്ഥാന ഡിജിറ്റല്‍ സുരക്ഷാ രീതികള്‍, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമായി ഉപയോഗിക്കേണ്ട വിധം, സുരക്ഷിത ബ്രൗസിങ് സാങ്കേതിക വിദ്യകള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് തടയല്‍ എന്നിങ്ങനെ വിശദമായ വിവരങ്ങള്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കും.

വിനോദ സഞ്ചാരികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ഡിജിറ്റല്‍ സുരക്ഷയ്ക്കും ഭാവിയിലെ അപകട സാധ്യത കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളും പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.