പാലക്കാട്: സി എൻ ഗ്ലോബൽ മൂവിസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ആഘോഷത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടിന്റെയും മുണ്ടൂർ യുവക്ഷേത്ര കോളജിന്റെയും സമീപ പ്രദേശങ്ങളിലായാണ് സിനിമയുടെ 45 ദിവസത്തെ ചിത്രീകരണം നടന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ക്യാമ്പസിന്റെ ചേരുവകൾ കൂട്ടിയിണക്കി ഒരുക്കുന്ന ഈ സിനിമ ലോകം മുഴുവനുമുള്ള എല്ലാത്തരം പ്രേക്ഷകരും ഏറ്റെടുക്കുമെന്ന പ്രത്യാശ നിർമാതാക്കൾ പങ്കുവെച്ചു.
ഡോ. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത് അമൽ കെ ജോബിയാണ്. ഒരു ക്യാമ്പസിനുള്ളിലെ എല്ലാ രസച്ചരടുകളും കോര്‍ത്തിണക്കിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. കുട്ടികളുടെ ആഘോഷത്തിമിര്‍പ്പും അവര്‍ക്കിടയിലെ കിടമത്സരങ്ങളും പ്രണയവുമെല്ലാം ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ആഘോഷം.
നരേൻ, ജെയിസ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റണി, രൺജി പണിക്കർ, ധ്യാൻ ശ്രീനിവാസൻ, ബോബി കുര്യൻ, ഷാജു ശ്രീധർ, കോട്ടയം രമേശ്, സുമേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാജി കൈലാസിൻ്റെയും രൺജി പണിക്കരിന്റെയും മക്കൾ ഒരുമിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ (ബാംഗ്ലൂർ), ജെസി മാത്യു (ദുബായ്), ലൈറ്റ് ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് (യുകെ), ബൈജു എസ് ആർ (ബാംഗ്ലൂർ) എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഹരി നാരായണന്റെയും സന്തോഷ് വർമയുടെയും രചനയ്ക്ക് സ്റ്റീഫൻ ദേവസ്സിയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. ഗൗതം വിൻസന്റ്. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ഡയറക്ഷൻ: രാജേഷ് കെ സൂര്യ. വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്.