ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്‍ എന്ന ബിഗ് ബജറ്റ് ചിത്രം നീണ്ട കാത്തിരിപ്പുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ റിലീസിന് ഒരുങ്ങുന്നു. ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ (Adults Only) സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് അനുമതി ലഭ്യമാക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് 183 മിനിറ്റ് (3 മണിക്കൂര്‍ 3 മിനിറ്റ്) ആണ് ചിത്രത്തിന്റെ റണ്‍ടൈം. എന്നാല്‍ സിനിമയില്‍ വരുത്തിയ പ്രധാന മാറ്റങ്ങളെക്കുറിച്ചോ വെട്ടിച്ചുരുക്കലുകളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2025 ഡിസംബറിലാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ചിത്രം സെന്‍സറിങിനായി സമര്‍പ്പിച്ചത്. തുടക്കത്തില്‍ 'U/A 16+' സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, എക്‌സാമിനിങ് കമ്മിറ്റിയിലെ ഒരംഗം ചില രംഗങ്ങളില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. തുടര്‍ന്ന് റിവിഷന്‍ കമ്മിറ്റിയുടെ പരിശോധനയിലേക്ക് കാര്യങ്ങള്‍ നീളുകയും നിയമപരമായ നടപടിക്രമങ്ങള്‍ കാരണം സര്‍ട്ടിഫിക്കറ്റ് വൈകുകയുമായിരുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ് വിശദീകരിക്കുന്നു.
സിനിമയുടെ റിലീസ് നീണ്ടുപോയത് ആരാധകരില്‍ വലിയ നിരാശ പടര്‍ത്തിയിരുന്നെങ്കിലും, കഴിഞ്ഞ മെയില്‍ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ആ നിരാശയെ ആവേശമാക്കി മാറ്റി. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വ സംഭവങ്ങളിലൊന്നായിരുന്നു.
രാഷ്ട്രീയത്തിലെ ഈ വമ്പന്‍ മുന്നേറ്റത്തിന് തൊട്ടുപിന്നാലെ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് ബോക്‌സ് ഓഫീസില്‍ ചരിത്രപരമായ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് സിനിമാ ലോകം.