വാഷിങ്‌ടൻ ഡി.സി : അമേരിക്കയിൽ 1999 മുതൽ താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് രാജ്യം വിടാൻ നിർദേശം നൽകി ട്രംപ് ഭരണകൂടം. 60 ദിവസത്തിനുള്ളിൽ നാട് വിടാനാണ് നിർദേശം. കുടിയേറ്റത്തെക്കുറിച്ചുള്ള കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനമനുസരിച്ച് പതിറ്റാണ്ടുകളായി യുഎസിൽ താമസിക്കുന്ന 50,000ത്തിലധികം ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാരുടെ താൽക്കാലിക സംരക്ഷണ പദവി (TPS) സെപ്റ്റംബറിൽ അവസാനിക്കും. ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാരിൽ ഭൂരിഭാഗവും നഴ്സുമാർ, മെക്കാനിക്കുകൾ, ശുചീകരണ തൊഴിലാളികൾ, എക്സിക്യൂട്ടീവുകൾ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്.
ഹോണ്ടുറാസിലും നിക്കരാഗ്വയിലും സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാൽ തദേശീയർക്കുള്ള ടിപിഎസ് പരിപാടി അവസാനിപ്പിക്കുകയാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വിശദീകരിച്ചു. അതേസമയം ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിക്ക് എതിരെ ഹോണ്ടുറാസ്, നിക്കരാഗ്വ രാജ്യങ്ങളിലെ കുടിയേറ്റക്കാർ നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്.