ലോസ് ഏഞ്ചല്‍സ് : ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പരിശീലന കേന്ദ്രത്തില്‍ വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് ഡെപ്യൂട്ടി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 2017 ല്‍ ആരംഭിച്ച ഈസ്റ്റ് ലോസ് ഏഞ്ചല്‍സിലെ ബിസ്‌കൈലൂസ് സെന്റര്‍ പരിശീലന അക്കാദമിയില്‍ രാവിലെ 7.30 ഓടെയാണ് സ്ഫോടനം നടന്നത്.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടത്തുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും ഷെരീഫ് റോബര്‍ട്ട് ലൂണ അറിയിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഡെപ്യൂട്ടികളില്‍ രണ്ട് പേരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ മറ്റ് വകുപ്പുകളിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ലൂണ പറഞ്ഞു.
ലോസ് ഏഞ്ചൽസ് ഷെരീഫ് ഡെപ്യൂട്ടിമാരുടെ അസോസിയേഷൻ പ്രസിഡന്റ് റിച്ച് പിപ്പിൻ ഈ സംഭവത്തെ “ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിവസം” എന്നാണ് വിശേഷിപ്പിച്ചത്. ബോംബ് സ്ക്വാഡ് ദിവസവും സ്ഫോടക വസ്തുക്കൾ ശേഖരിക്കാറുണ്ടെന്നും എന്നാൽ അവയുടെ സ്ഥിരതയും പഴക്കവും വിലയിരുത്താൻ പ്രയാസമുള്ളതിനാൽ ഇത് എല്ലായ്പ്പോഴും അപകടകരമായ സാഹചര്യമാണെന്നും നിയമ നിർവഹണ വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനവും അതിനെത്തുടർന്നുണ്ടായ മരണങ്ങളും ലോസ് ഏഞ്ചൽസ് കൗണ്ടിയിലുടനീളം ഞെട്ടൽ ഉളവാക്കി. കൗണ്ടി കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടി ദുഖാചരണം നടത്തി.