ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം. സീനിയർ ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവ് എന്നയാളെയാണ് ആറ് കൗമാരക്കാർ ചേർന്ന് ആക്രമിച്ചത്. ഡബ്ലിനിലെ തന്റെ അപ്പാർട്ട്മെന്റിന് സമീപം ഉലാത്തുമ്പോഴാണ് പ്രകോപനമില്ലാതെ ആക്രമണം നടന്നതെന്ന് സന്തോഷ് ലിങ്ക്ഡ്ഇനിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു.
ശരീരമാസകലം മർദനമേറ്റ നിലയിൽ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനമേറ്റ് അവശ നിലയിലായ സന്തോഷ് യാദവ് വിളിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കയായിരുന്നു.
മുഖത്തെ അസ്ഥികൾക്ക് ഉൾപ്പെടെ പൊട്ടലുണ്ട്. കൗമാരക്കാർ തന്റെ ഗ്ലാസ് പിടിച്ചു വാങ്ങുകയും പിന്നാലെ മർദിക്കുകയുമായിരുന്നു. തനിക്ക് നേരെ നടന്ന ഈ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഈ യൂറോപ്യൻ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് നേരെ വംശീയ അതിക്രമങ്ങൾ വർധിക്കുകയാണ്. എന്നാൽ അധികൃതർ അതിനെതിരെ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ല എന്നും അദേഹം ആരോപിച്ചു. ഒരുപാട് സർക്കാർ ഏജൻസികളെയും തന്റെ പോസ്റ്റിൽ സന്തോഷ് ടാഗ് ചെയ്തിട്ടുണ്ട്.
അത്യാസന്ന നിലയിലായ ഇദേഹത്തെ ഇപ്പോൾ ബ്ലാഞ്ചാർഡ്‌സ് ടൗൺ ആശുപത്രിയിലേക്ക് സ്പെഷ്യലിസ്റ്റ് പരിചരണത്തിനായി റഫർ ചെയ്തിരിക്കയാണ്. ഐറിഷ് നഗരമായ ലെറ്റർകെന്നിയിലെ വൈഎസ്എആർ ലാബ് ആൻഡ് ടെക്നോളജി ഗേറ്റ്‌വേയിലെ സീനിയർ ഡാറ്റാ സയന്റിസ്റ്റായ സന്തോഷ് യാദവ്.
ഡബ്ലിനിൽ കുട്ടികളോട് അനുചിതമായി പെരുമാറി എന്ന് ആരോപിച്ച് ഒരു ഇന്ത്യക്കാരനെ കഴിഞ്ഞ ആഴ്ച ഒരു കൂട്ടം ക്രൂരമായി ആക്രമിച്ച സംഭവമുണ്ടായിരുന്നു. ജൂലൈ 19 ന് തെക്ക്-പടിഞ്ഞാറൻ ഡബ്ലിനിലെ ടാലറ്റ് പ്രദേശത്ത് 16 വയസ്സ് വരെ പ്രായമുള്ള ഏകദേശം 10 കൗമാരക്കാരുടെ സംഘമാണ് ആക്രമണം നടത്തിയത്. മർദനമേറ്റയാളെ സഹായിച്ചത് ഒരു ഐറിഷ് വനിതയാണ്. ജെന്നിഫർ മുറെ എന്ന അവരുടെ പോസ്റ്റിൽ ആക്രമണത്തിന്റെ ഭയാനകമായ വിശദാംശങ്ങൾ വിവരിച്ചിരുന്നു.