ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കത്തോലിക്കാ സന്യാസിനികൾക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നിവയാണ് മറ്റ് ഉപാധികള്‍. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു. അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദേഹം പ്രതികരിച്ചു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി, ഷോൺ ജോർജ്, ഇടത് നേതാക്കളായ ജോസ് കെ മാണി എംപി, ജോൺ ബ്രിട്ടാസ് എംപി, സന്തോഷ് കുമാർ എംപി, കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാൻ എംപി, ,സുരേഷ് കൊടിക്കുന്നേൽ എംപി, ജെ.ബി മേത്തർ എംപി, റോജി എം. ജോൺ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ ഛത്തീസ്ഗഡിൽ എത്തിയിരുന്നു.
കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.