കത്തോലിക്കാ സന്യാസിനികൾക്ക് എതിരായ കേസ് റദ്ദാക്കണം; ആവശ്യം ശക്തമാക്കി യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍

കത്തോലിക്കാ സന്യാസിനികൾക്ക് എതിരായ കേസ് റദ്ദാക്കണം; ആവശ്യം ശക്തമാക്കി യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍

കൊച്ചി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കള്‍. ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നാണ് സിസ്റ്റർ വന്ദന ഫ്രാന്‍സിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാണ് കത്തോലിക്കാ സന്യാസിനികളുടെ കുടുംബവും വിവിധ സഭാ നേതൃത്വങ്ങളും യുഡിഎഫ്-എല്‍ഡിഫ് നേതാക്കളും ആവശ്യപ്പെടുന്നത്.

കന്യാസ്ത്രീകള്‍ ജയിലിലായത് ചെയ്യാത്ത കുറ്റത്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജാമ്യം കിട്ടിയതില്‍ സന്തോഷം. ജാമ്യം കിട്ടാതിരിക്കാന്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം കൊടുക്കരുതെന്നാണ് ഇന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെക്കുറിച്ച് പറഞ്ഞു പരത്തിയത്. ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ പറഞ്ഞതില്‍ പ്രസക്തിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇവരുടെ മുഖംമൂടി വലിച്ചുമാറ്റാൻ കഴിഞ്ഞുവെന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകളുടെ അറസ്റ്റ് അന്തർ ദേശീയ തലത്തിൽ ഇന്ത്യക്ക് വലിയ നാണക്കേടായി എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമ്മർദം വന്നപ്പോഴാണ് ജ്യാമ്യത്തിന് ഇപ്പോൾ വഴങ്ങുന്നത്. കുറച്ച് ദിവസം കഴിഞ്ഞെങ്കിൽ അന്തർ ദേശീയ തലത്തിൽ നിന്നും സമ്മർദം ഉണ്ടായേനെ. കേരളത്തിൽ നിന്നുമാണ് ഈ സമ്മർദം ഉയർന്നു വന്നത്. കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ സൂചനയാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ബജ്‌റംഗ്ദൾ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ കന്യാസ്ത്രീകളെ തടയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ കൂടെ കൂട്ടിയതെന്നും ഇത് സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും കന്യാസ്ത്രീകൾ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തിന് വഴങ്ങി പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവം ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.