അനുരഞ്ജന കൂദാശയുടെ വേദിയായി യുവജന ജൂബിലി ആഘോഷം; റോമിലെത്തിയ തീർഥാടകർക്കായി തുറന്നത് 200 കുമ്പസാരക്കൂടുകൾ

അനുരഞ്ജന കൂദാശയുടെ വേദിയായി യുവജന ജൂബിലി ആഘോഷം; റോമിലെത്തിയ തീർഥാടകർക്കായി തുറന്നത് 200 കുമ്പസാരക്കൂടുകൾ

വത്തിക്കാൻ സിറ്റി : പ്രത്യാശയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടക്കുന്ന യുവജന ജൂബിലി ആഘോഷം തീർത്ഥാടകർക്ക് പുത്തൻ അനുഭവമാകുന്നു. ജൂബിലി ആഘോഷങ്ങളുടെ മുഖ്യ സംഘാടകനും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടുമായ ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ലയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ജൂലൈ 31ന് പരിപാടികൾ ആരംഭിച്ചത്.

അനുരഞ്ജന കൂദാശയ്ക്കായി പ്രത്യേകം സമർപ്പിച്ചിരുന്ന ആഗസ്റ്റ് ഒന്നിന് രാവിലെ മുതൽ വൈകിട്ട് വരെ 200 കുമ്പസാരക്കൂടുകൾ ഒരുക്കിയിരുന്നു. ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, പോളിഷ്, ജർമ്മൻ, ഹംഗേറിയൻ, സ്ലോവാക്, കൊറിയൻ, ചൈനീസ് തീർഥാടകർക്ക് സ്വന്തം ഭാഷകളിൽ കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

യൂകാറ്റ് ഫൗണ്ടേഷനിൽ നിന്നുള്ള 20 സന്നദ്ധപ്രവർത്തകർ കുമ്പസാരത്തെക്കുറിച്ചുള്ള ‘യൂകാറ്റ്’ പുസ്തകത്തിന്റെ പതിനായിരം കോപ്പികൾ വിതരണം ചെയ്തു. യുവജന ജൂബിലിക്കായി പ്രസിദ്ധീകരിച്ച ഈ പ്രത്യേക പതിപ്പ് ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ നാല് ഭാഷകളിൽ ലഭ്യമാണ്.

റോമിലെ ടെറ്റെർ വേഗാത്ത യൂണിവേഴ്സിറ്റി ക്യാംപസിൽ ഓഗസ്റ്റ് രണ്ടിന് മാർപാപ്പയുടെ നേതൃത്വത്തിൽ നിശാ ജാഗരണ പ്രാർഥനയും, മൂന്നിന് വിശുദ്ധ കുർബാനയും നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് ലക്ഷത്തോളം യുവജനങ്ങളാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് സംഗമം സമാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.