റഷ്യന്‍ എണ്ണ ശുദ്ധീകരണശാലയിലും സൈനിക കേന്ദ്രങ്ങളിലും ഉക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ എണ്ണ ശുദ്ധീകരണശാലയിലും സൈനിക കേന്ദ്രങ്ങളിലും ഉക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ എണ്ണ ശുദ്ധീകരണശാലയിലും സൈനിക കേന്ദ്രങ്ങളിലുമാണ് ഉക്രെയ്ന്‍ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം.

ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണു വീടിന് തീപിടിച്ചാണ് ഒരു വയോധികന്‍ മരിച്ചത്. പെന്‍സയില്‍, ഇലക്ട്രോപ്രൈബര്‍ ഇലക്ട്രോണിക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോസ്‌തോവ് മേഖലയില്‍ ഒരു വ്യാവസായിക സ്ഥലത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. റഷ്യയിലെ നിരവധി ഉന്നത കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാണ് ഉക്രെയ്‌ന്റെ രഹസ്യാന്വേഷണ ഏജന്‍സി അവകാശപ്പെട്ടത്.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന റിയാസാന്‍ എണ്ണ ശുദ്ധീകരണ ശാലയും ആക്രമണത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്‌നിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വൊറോനെഷ് മേഖലയിലെ അന്നനെഫ്‌ടെപ്രോഡക്റ്റ് എണ്ണ സംഭരണ കേന്ദ്രവും ആക്രമണത്തില്‍ തകര്‍ന്നതായാണ് സൂചന.

ഉക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ഇറാനിയന്‍ നിര്‍മ്മിത ഷാഹെദ് ഡ്രോണുകള്‍ വിക്ഷേപിക്കുന്ന പ്രിമോര്‍സ്‌കോ-അക്താര്‍സ്‌കിലെ സൈനിക വ്യോമതാവളവും ഉക്രെയ്ന്‍ ആക്രമിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.