സന: യെമനിൽ അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു. 74 പേരെ കാണാതായി. യുണൈറ്റ് നേഷൻസ് അഭയാർഥി ഏജൻസിയാണ് ബോട്ട് മുങ്ങിയ വിവരം അറിയിച്ചത്. 14 പേർ ബോട്ടിൽ നിന്നും രക്ഷപ്പെട്ടുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്. യെമനിലെ അബയാൻ പ്രവിശ്യയിലാണ് ബോട്ട് മുങ്ങിയത്. ഇതിൽ 54 പേരുടെ മൃതദേഹം ഖാൻഫാർ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്. 14 പേരുടെ മൃതദേഹങ്ങൾ യെമനിലെ വിവിധ തീരങ്ങളിലാണ് അടിഞ്ഞത്. ഈ മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആഫ്രിക്കൻ പൗരൻമാരാണ് യെമനിലേക്ക് എത്തുന്നത്. ഈ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളാണ് അവരെ പലായനത്തിന് പ്രേരിപ്പിക്കുന്നത്. യെമനിലെത്തി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന നിരവധി ആഫ്രിക്കൻക്കാരുമുണ്ട്.