'എന്റെ ജീവിതം നശിപ്പിച്ചു, ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു': തുറന്നു പറഞ്ഞ് പുടിന്റെ 'രഹസ്യ മകള്‍'

'എന്റെ ജീവിതം നശിപ്പിച്ചു, ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു': തുറന്നു പറഞ്ഞ് പുടിന്റെ 'രഹസ്യ മകള്‍'

ക്രെംലിന്‍: ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മകള്‍ എന്ന് കരുതപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക്.

ക്രൂരനായ വ്യക്തിയുടെ പേരു വിവരങ്ങള്‍ എലിസവേറ്റ വെളിപ്പെടുത്തിയില്ലെങ്കിലും അത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെക്കുറിച്ചാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ജര്‍മന്‍ മാധ്യമമായ ബില്‍ഡ് ആണ് ടെലഗ്രാം പോസ്റ്റുകള്‍ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 'വീണ്ടും എന്റെ മുഖം ലോകത്തെ കാണിക്കാന്‍ കഴിയുന്നത് ഒരു വിമോചനമാണ്. ഞാന്‍ ആരാണെന്നും എന്റെ ജീവിതം നശിപ്പിച്ചത് ആരാണെന്നും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു'- എലിസവേറ്റ ക്രിവോനോജിക് പറഞ്ഞു.

പുടിന്റെ 'രഹസ്യ മകള്‍' എന്ന് വിശ്വസിക്കപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക് പാരീസില്‍ പേരു മാറി കഴിയുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യയും ഉക്രെയ്‌നും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഒളിവ് ജീവിതമെന്നും സൂചനകളുണ്ട്.

പാരീസില്‍ ഡി.ജെ ആയി ജോലി ചെയ്യുന്ന എലിസവേറ്റ, പുടിന്റെ അന്തരിച്ച വിശ്വസ്തനായ ഒലേഗ് റുഡ്നോവിന്റെ മകളാണെന്നാണ് പാരീസില്‍ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നതെന്ന് ഉക്രെയ്ന്‍ മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് റഷ്യ ഉക്രെയ്ന്‍ അധിനിവേശം നടത്തിയതിന് പിന്നാലെയാണ് എലിസവേറ്റ സ്വന്തം നാട്ടില്‍ നിന്ന് അപ്രത്യക്ഷയായത്. റഷ്യയിലായിരുന്നപ്പോള്‍ അവള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

എലിസവേറ്റയുടെ അമ്മ സ്വെറ്റ്ലാന ക്രിവോനോഗിഖ് മുന്‍പ് ക്ലീനിങ് തൊഴിലാളിയായിരുന്നു. ഇവരുമായി പുടിന് പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തില്‍ പിറന്നതാണ് എലിസവേറ്റ എന്നാണ് അഭ്യൂഹങ്ങള്‍. സ്വെറ്റ്ലാനയ്ക്ക് ഏതാണ്ട് 83 മില്യണ്‍ പൗണ്ട് ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുടിനുമായി ബന്ധം സ്ഥാപിച്ചതോടെ സ്വെറ്റ്ലാന കണക്കില്ലാത്ത സ്വത്തിന് ഉടമയായി. റഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരായ വനിതകളില്‍ ഒരാളായി. പുടിന്റ പരിചയക്കാരി എന്നാണ് മുന്‍പ് റഷ്യന്‍ മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. 2003 മാര്‍ച്ച് മൂന്നിന് എലിസവേറ്റ ജനിച്ചതായാണ് രേഖകളിലുള്ളത്.

അമ്മയുടെ പേര് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അച്ഛന്റെ പേര് ഇല്ല. പുടിന്റെ മകള്‍ എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വ്ളാഡിമിറോവ്ന എന്ന് പേരില്‍ സ്വീകരിച്ചിട്ടുണ്ട്. പിതാവിന്റെ പേരിന്റെ ആദ്യ ഭാഗം പെണ്‍മക്കള്‍ സ്വന്തം പേരിനോട് ചേര്‍ക്കുക എന്നത് റഷ്യയിലെ പരമ്പരാഗതമായ രീതിയാണ്.

റഷ്യയിലായിരുന്നപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കു വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത എലിസവേറ്റ പൊതുജനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.

പാരീസില്‍ ആര്‍ട്സ് സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന എലിസവേറ്റയെ, റഷ്യ ഉക്രെയ്‌നുമായി യുദ്ധം തുടങ്ങയ ശേഷം അവിടെയും കണ്ടില്ലെന്നാണ് വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.