വാഷിങ്ടൺ ഡിസി: ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയം പുനർനിർമ്മിക്കാനായി 25,000 ഡോളർ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ ജൂത കമ്മിറ്റി.
” ഗാസയിലെ ഹോളി ഫാമിലി പള്ളിക്ക് സംഭവിച്ച ആക്രമണത്തിലും നാശനഷ്ടങ്ങളിലും മരണങ്ങളിലും ഞങ്ങൾ വളരെയധികം ദുഖിതരാണ്. ഞങ്ങളുടെ കത്തോലിക്കാ സഹോദരീ സഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പരിക്കേറ്റവരുടെ പൂർണമായ രോഗശാന്തിക്കും യുദ്ധത്തിന്റെ കെടുതിയിൽ വലയുന്ന എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.” ഗ്രൂപ്പ് സിഇ ഒ ടെഡ് ഡച്ച് പറഞ്ഞു.
കർദിനാൾ തിമോത്തി ഡോളന്റെ സഹായത്തോടെ ന്യൂയോർക്ക് അതിരൂപത വഴി ഗാസ ഇടവകയ്ക്ക് ഫണ്ട് വിതരണം ചെയ്യുമെന്നും ജൂത കമ്മിറ്റി പറഞ്ഞു. “എ.ജെസിയുടെ ആശ്വാസത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. യുദ്ധത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം വീശുന്നതിനായി ജൂതന്മാരും കത്തോലിക്കരും എന്ന നിലയിൽ ഒരുമിച്ച് നന്മ ചെയ്യാൻ അവസരം ലഭിച്ചതിന് നന്ദിയുള്ളവരുമാണ്, ”കർദിനാൾ ഡോളൻ പറഞ്ഞു.
ഹോളി ഫാമിലി ദേവാലയ ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി അടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു.ദേവാലയത്തിന്റെ കോമ്പൗണ്ടില്‍ ഏകദേശം 600 പേര്‍ അഭയം തേടിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്‌സ് ക്രൈസ്തവരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും കത്തോലിക്കരുമാണ്. എന്നാല്‍ 50-ലധികം വികലാംഗ മുസ്ലീം കുട്ടികളും അവരുടെ കുടുംബങ്ങളോടൊപ്പം അവിടെ താമസിക്കുന്നുണ്ട്.