വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി.
ഇതോടെ ഇന്ത്യന്‍ ഉര്‍പന്നങ്ങള്‍ക്ക് മേലുള്ള അമേരിക്കന്‍ നികുതി 50 ശതമാനമായി ഉയരും. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. മുന്നാഴ്ച കഴിഞ്ഞ് ഉത്തരവ് പ്രാബല്യത്തില്‍ വരും.
'ഇന്ത്യയുമായി യു.എസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25 ശതമാനം തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ'- ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനം ജൂലൈ 30 ന് വന്നിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം തീരുവ ഇന്ത്യക്കാണ്. ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് പകരം തീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം പകരം തീരുവയും പിഴച്ചുങ്കവും ട്രംപ് പ്രഖ്യാപിച്ചത്.