പാരീസ്: ഫ്രാൻസ് നേരിടുന്നത് ഈ വർഷത്തെ ഏറ്റവും വലിയ കാട്ടുതീ. തെക്കൻ ഫ്രാൻസിൽ ചൊവ്വാഴ്ച പടർന്നുപിടിച്ച കാട്ടുതീയിൽ ഇതുവരെ 15,000 ഹെക്ടർ കത്തിനശിച്ചു. 2,000 അഗ്നിശമന അംഗങ്ങളാണ് തീയണയ്ക്കാൻ രംഗത്തുള്ളത്. തീപിടിത്തത്തിൽ വൃദ്ധയായ ഒരു സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവിധയിടങ്ങളിൽ നിന്നായി ആകെ ഒൻപത് പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
80 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീ ബാധയിലാണ് രാജ്യം. 5.5 കിലോമീറ്റർ (3.4 മൈൽ) വേഗതയിലാണ് കാട്ടുതീ പടരുന്നതെന്ന് അഗ്നിശമന സേന വക്താവ് എറിക് ബ്രോക്കാർഡി പറഞ്ഞു. വനപ്രദേശത്തോട് ചേർന്നുള്ള ഗ്രാമങ്ങളെ കാട്ടുതീയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നിലവിൽ നടത്തുന്നത്.
ഓഡ് ഡിപ്പാർട്ട്‌മെന്റിലെ നിരവധി ഗ്രാമങ്ങൾ ഭീഷണിയിൽ തുടരുകയാണ്. തെക്കൻ ഓഡ് ഡിപ്പാർട്ട്‌മെന്റിൽ 25 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശാവാസികളും വിനോദസഞ്ചാരികളും പ്രദേശം വിട്ടുപോയി. പല റോഡുകളും ഒഴിഞ്ഞ നിലയിലാണ്. പ്രദേശത്തെ ഏകദേശം 2,500 വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം താറുമാറായി.
തീ പടരുന്നത് തടയാനുള്ള ശ്രമം തുടരുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഓഡ് പ്രിഫെക്ചറിന്റെ സെക്രട്ടറി ജനറൽ ലൂസി റോഷ് പറഞ്ഞു.