ഒഡീഷയില്‍ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും എതിരായ ആക്രമണം: വര്‍ഗീയ വേട്ടയാടലെന്ന് പിണറായി വിജയന്‍

ഒഡീഷയില്‍ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും എതിരായ ആക്രമണം: വര്‍ഗീയ വേട്ടയാടലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ഒഡീഷയിലെ ജലേശ്വറില്‍ മലയാളി പുരോഹിതര്‍ക്കും സന്യാസിനിമാര്‍ക്കും നേരേ നടന്ന ആക്രമണം രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ തുടരുന്ന വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഴ്ചകള്‍ക്ക് മുമ്പ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും എക്സില്‍ എഴുതിയ പോസ്റ്റില്‍ അദേഹം ആവശ്യപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരമാണ് ജലേശ്വര്‍ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളികളായ രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ബാലസോര്‍ രൂപതയ്ക്ക് കീഴിലുള്ള ജലേശ്വറിലെ സെന്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, തൃശൂര്‍ സ്വദേശി ജോഡ ഇടവകയിലെ ഫാ. വി. ജോജോ, സന്യാസിനിമാരായ സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് മര്‍ദിച്ചത്.

വൈദികരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. അര മണിക്കൂറിന് ശേഷം പോലീസെത്തിയാണ് രക്ഷിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.