വർഷങ്ങൾ നീണ്ട സംഘര്‍ഷത്തിന് അവസാനം; അസർബൈജാനും അര്‍മേനിയയും ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന കരാറിൽ ഒപ്പുവെച്ചു

വർഷങ്ങൾ നീണ്ട സംഘര്‍ഷത്തിന് അവസാനം; അസർബൈജാനും അര്‍മേനിയയും ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന കരാറിൽ ഒപ്പുവെച്ചു

വാഷിങ്ടൺ ഡിസി: വർഷങ്ങൾ നീണ്ട സംഘര്‍ഷത്തിന് അവസാനം കുറിച്ച് അസബൈജാനും അര്‍മേനിയയും സമാധാന കരാറിൽ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമേനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിലാണ് ഒപ്പുവെച്ചത്.

‘സംയുക്‌ത പ്രഖ്യാപനത്തിൽ ഒപ്പുവയ്‌ക്കാൻ വാഷിങ്ടനിലെത്തിയ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനെയും അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനെയും അഭിനന്ദിക്കുന്നു. 35 വർഷത്തോളം ഇവർ ശത്രുതയിലായിരുന്നു, ഇപ്പോൾ ഇവർ സുഹൃത്തുക്കളാണ്, ഇനിയും ഒരുപാട് കാലം ഇവർ സുഹൃത്തുക്കളായിരിക്കും. പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുക. നയതന്ത്ര ബന്ധം പുനരാരംഭിക്കാനും വ്യാപാരമുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം പുനസ്‌ഥാപിക്കാനും അവസരം കൈവന്നിരിക്കുകയാണ്.’ – ട്രംപ് പറഞ്ഞു.

ട്രംപ് റൂട്ട് ട്രാൻസിറ്റ് കോറിഡോറും സാമ്പത്തിക സഹകരണവും ഉൾപ്പെടുന്ന കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്നതിൽ ട്രംപ് നടത്തിയ ശ്രമങ്ങളെ മുൻനിർത്തി അദേഹത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുകയാണെന്ന് അസർബൈജാനും അർമേനിയയും അറിയിച്ചു.‌

അസർബൈജാനും അർമേനിയയും ചേർന്നതോടെ, ട്രംപിന്റെ നൊബേൽ സമ്മാനത്തിന് പിന്തുണ നൽകിയ രാജ്യങ്ങളുടെ പട്ടിക അഞ്ചായി ഉയർന്നിരിക്കുകയാണ്. മുമ്പ് ട്രംപിന് അവാർഡ് നൽകണമെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചത്.

നഗോര്‍ണോ കരബാക്ക് എന്ന ചെറു പ്രദേശത്തെചൊല്ലിയുള്ള അസര്‍ബൈജാന്‍ അര്‍മേനിയ പോരിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അസര്‍ബൈജാന്‍റെ ഭാഗമായി രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രദേശത്ത് അര്‍മേനിയന്‍ വംശജരാണ് ഭൂരിപക്ഷം. 1990കളില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ 1994ല്‍ അമേര്‍മേനിയന്‍ സര്‍ക്കാരിന്‍റെ പിന്തണയുള്ള ഭരണകൂടം മേഖലയുടെ നിയന്ത്രണം പിടിച്ചു. അന്ന് റഷ്യന്‍ മധ്യസ്ഥതയില്‍ സമാധാന കരാര്‍ ഒപ്പിട്ടെങ്കിലും പാലിക്കപ്പെട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.